മേരിയുടെ കുഞ്ഞാടുകള്‍
ഒന്നോര്‍ത്താല്‍ നമ്മളിലൊരു വലിയ ഭാഗ്യമുണ്ട്. എന്താ സുഖമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ സകുടുംബം സന്തോഷത്തോടെ ജീവിച്ചുപോരുന്നു എന്ന് ഉത്തരം പറയുന്ന ഭാഗ്യം. മക്കളാണ് ഭാഗ്യം എന്നു പറയുന്ന ചിലര്‍. എന്നാൽ മക്കളുടെ ഭിന്ന ശേഷിമൂലം സമൂഹത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന അമ്മമാരെ ഓര്‍ക്കാതെ വയ്യ. ചിലരല്ല , കുറച്ചധികം പേര്‍. അവരുടെ ഭാഗ്യമാണ് വൈറ്റില സ്വദേശി ഡോ. പി.എ മേരി അനിത. ഭിന്നശേഷിക്കാരായ കുട്ടികളുടെ രണ്ടാനമ്മ. അവരുടെ അമ്മമാരുടെ സ്‌നേഹനിധി, വഴികാട്ടി.
പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പാണ്. ഹൈദ്രബാദില്‍ പിജിക്കു പഠിക്കുന്ന കാലം. ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനത്തിന്റെ ഭാഗമായി ഗവേഷണത്തില്‍. ഏർപ്പെട്ടസമയം. വിഭിന്ന ശേഷിയുള്ള കുട്ടികളെപ്പറ്റിയായിരുന്നു വിഷയം. ഗവേഷണം കഴിഞ്ഞപ്പോഴും മനസ് അവിടെ തട്ടിനിന്നു. പിന്നെ ആലോചിച്ചത് അവര്‍ക്കായി ഒരു പൊതു ഇടത്തെകുറിച്ചാണ്.സൈക്കോളജിയില്‍ അടക്കം നാലു ബിരുദാനന്തര ബിരുദമുള്ള ഡോ. മേരി ജോലിയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ മുന്‍പേ ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ച് ചിന്തിച്ചു. അവര്‍ക്ക് അമ്മയായി,കളിക്കൂട്ടുകാരിയായി, അവരുടെ ടീച്ചറായി. അങ്ങിനെ എല്ലാമെല്ലാമായി.
പൊതു ഇടത്തില്‍ നമ്മള്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കാണുന്നത് വളരെ കുറച്ചുമാത്രം. എന്നാല്‍ കേരളത്തിലെ ഭിന്നശേഷി കുട്ടികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. 8.5 ലക്ഷം കുട്ടികള്‍ ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്നു. അതായത് 8.5 ലക്ഷം അമ്മമാര്‍ വീട്ടില്‍തന്നെ ജീവിതം കഴിച്ചുകൂട്ടുന്നു എന്നര്‍ഥം ആരേയും അത്ഭുതപ്പെടുത്തുന്ന കണക്ക്. തന്റെ നാടായ എറണാംകുളം ജില്ലയില്‍ 75000 പേര്‍ എന്നു കേട്ടപ്പോള്‍ മേരിയും അമ്പരന്നു. എന്നാല്‍ മലപ്പുറത്തിത് ഒരു ലക്ഷത്തിനടുത്താണ്.
മക്കളെ തേടി മേരി ആദ്യം സ്‌പെഷ്യല്‍ സ്‌കൂളുകളിലെത്തി. എന്നാല് സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. പിന്നീട് മേരി അവരുടെ വീടുകളിലെത്തി. അമ്മമാരെ കൗണ്‍സില്‍ ചെയ്തു. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. അവര്‍ക്കായി സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് എന്ന ഒര്‍ഗനൈസേഷന്‍ തുടങ്ങി. ആദ്യം മടിച്ചെങ്കിലും പലരും ഉത്സാഹത്തോടെ അവിടെയെത്തി. വീടിനുള്ളില്‍ ജീവിതം ഹോമിക്കേണ്ടവരല്ല എന്ന തോന്നല്‍ അവരിലുണ്ടാക്കി. സന്മനസുള്ളവര്‍ ഒപ്പംകൂടി. അവര്‍ ഇന്നും ഒപ്പം നടക്കുന്നു.
യൂനീക്‌ലി മീ
എല്ലാ ആഘോഷങ്ങള്‍ക്കും കുട്ടികളെ ഒപ്പം കൂട്ടും. മെട്രോയില്‍ കയറും. ബോട്ടിലും മാളിലും കൊണ്ടുപോകും. നഗരയിടങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്തും. വീടുകളില്‍ തളച്ചിടണ്ടവരല്ല അവര്‍ എന്നതാണ് ഡോ.മേരിയുടെ അഭിപ്രായം. ലൗ ആന്‍ഡ് റസ്‌പെക്ട്- അവര്‍ അര്‍ഹിക്കുന്നത് ഇതുരണ്ടുമാണെന്ന് മേരി പറയുന്നു.
എറണാകുളത്തിനു പുറമേ ഇപ്പോള്‍ തിരുവനന്തപുരത്തും മലപ്പുറത്തും ഭിന്നശേഷി ഓര്‍ഗനൈസേഷന്‍സ് ഡോ. മേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക,അവരുടെ പഠനാവശ്യങ്ങള്‍ നിറവേറ്റുക, സാമ്പത്തിക സഹായം നല്‍കുക,കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുക എന്നിവയെല്ലാം ഇവിടെ നടക്കുന്നു. എറണാംകുളത്ത് 1200 ല്‍ അധികം കുട്ടികളുണ്ട് മേരിക്കു കൂട്ടായി.ഇന്ത്യയില്‍ ആദ്യമായി “യുണിക്‌ലി മി “ എന്ന പേരില്‍ ഇവര്‍ക്കായി ഒരു ദിവസം.നവംബര്‍ 14 ന് ശിശുദിനം ആഘോഷിക്കുമ്പോള്‍ മേരിയുടെ കുട്ടികളും ആ ദിവസം സന്തോഷത്തിലാറാടുന്നു. പുറത്തുപോയി, കാഴ്ചകള്‍ കണ്ട്, കളികളിലേര്‍പ്പെട്ട് കുട്ടികള്‍ തിരിച്ചുവരുമ്പോള്‍ മേരിയുടെ മനസ് നിറയും. ഒപ്പം കുട്ടികളുടെ അമ്മമാരുടേയും.
അമ്മമാര്‍ക്കായി ശാക്തീകരണപദ്ധതികള്‍ കൊണ്ടുവന്നു. അവരേയും സമൂഹത്തിന്റെ മുന്‍നിരയിലേക്കുയര്‍ത്തി. എല്ലാ റിപബ്ലിക് ദിന പരേഡുകളിലും ഗവര്‍ണര് മേരിയെ രാജ്ഭവനിലേക്ക് ക്ഷണിക്കും. ുറച്ചുവര്‍ഷങ്ങളായി മേരി പോകാറില്ല.പകരം 20 കുട്ടികളേയും അമ്മമാരേയും പറഞ്ഞയയ്ക്കും.
ഡോ. മേരി
കേന്ദ്രസര്‍ക്കാറിന്റെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്ത്രീ ശാക്തീകരണ പരിപാടി ഏല്‍പ്പിച്ചത് ഡോ. മേരിയെയായിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇത്. കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും ഒട്ടേറെ അംഗീകാരങ്ങള്‍ മേരിയെ തേടിയെത്തിയിട്ടുണ്ട്.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഡോ. മേരി അമ്മയാണ്. അവരുടെ സ്‌നേഹനിധിയായ രണ്ടാനമ്മ. ഭര്‍ത്താവ് സാബു തൊടുപ്പാടനും മക്കളായ നിംറോഡ്,മനാസെ, മൗഷ്മി ഇസബല്‍ എന്നിവരും മേരിയോടൊപ്പമുണ്ട് -നന്മമരം പൂത്തുലയാനായി.
ഞങ്ങളുടെ പ്രിന്സ്റ്റണ്‍ ലൈറ്റ് ആന്റ് സൌണ്ടിന്റെ ന്യുയോര്‍ ക്കിലെ തൈക്കുടം ബ്രിഡ്ജ് ഷോയില്‍ നിന്നുള്ള മുഴുവന്‍ ലാഭവും മേരിയമ്മയുടെ കുഞ്ഞാടുകള്‍ ക്കുള്ളതായിരിക്കും . മേരിയമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ചെറിയ കൈതാങ്ങ്